ad
Deshabhimani

ജീവിതത്തിന്റ വേരില്‍ നാടകം പൂത്ത കാലം, കെടിയുടെ ഓർമ്മയ്ക്ക് 16

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 25, 2024, 05:47 PM | 0 min read

ഒ പി സുരേഷ്

കെ ടി യുടെ ജീവിതം അഗാധമായ ഒരോര്‍മപ്പെടുത്തലാണ്. ഇത് ഭൂമിയാണെന്നും ഇവിടെ ചാലിട്ടൊഴുകുന്ന ജീവിതങ്ങള്‍ നമ്മള്‍ ഓരോരുത്തരുടേതുമാണെന്നും കലയുമായി ഇഴപിരിക്കാനാവാത്ത സ്വന്തം ജീവിതം കൊണ്ട് കെ ടി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഭാവനയുടെ ആകാശങ്ങളില്‍ വിഹരിക്കുമ്പോഴും ഭൂമിയുടെ നിലവിളികളില്‍ കൊളുത്തിവലിക്കുന്ന ഹൃദയവുമായി കെ ടി ലോകത്തോട് സംവദിച്ചുകൊണ്ടിരുന്നു. സാമൂഹ്യജീവിതത്തിന്റെ പ്രാന്തഃസ്ഥലികളില്‍ നിന്നു ജീവിതത്തിന്റെ നിലയ്ക്കാത്ത മിടിപ്പുകള്‍ക്കാണ് കെ ടി കാതോര്‍ത്തത്. അതിന്റെ പാരുഷ്യങ്ങളില്‍ സദാ പ്രക്ഷുബ്ധമായ ആ മനസ്സ് സ്വയമൊരു അരങ്ങായി മാറുകയായിരുന്നു.

ഇരുട്ടുനിറഞ്ഞ ലോകത്തില്‍നിന്ന് ഓരോരുത്തരായി അവിടെയെത്തി. ആശങ്കകള്‍ പകുത്തും പ്രതിഷേധങ്ങള്‍ ജ്വലിപ്പിച്ചും അവര്‍ പുതുലോകത്തിലേക്ക്, മാര്‍ഗദീപം തെളിച്ചു. കലയുടെ സാമൂഹ്യ-രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് വെമ്പല്‍ കൊണ്ടിരുന്ന മലയാളത്തിന്റെ 1950കളാണ് കെ ടി മുഹമ്മദ് എന്ന നാടക പ്രതിഭയെ കണ്ടെടുത്തത്. മറ്റു സാഹിത്യരൂപങ്ങളെക്കാള്‍ നാടകം നേര്‍ക്കുനേര്‍ നിന്ന് ജനങ്ങളോട് സംസാരിക്കുന്ന കാലം. വി ടിയുടെ'' അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്', കെ ദാമോദരന്റെ 'പാട്ടബാക്കി' തുടങ്ങിയ രാഷ്ട്രീയ സ്വഭാവമുള്ള സാമൂഹ്യ നാടകങ്ങള്‍ മലയാളികളിലുണ്ടാക്കിയ പുത്തന്‍ നാടകാവബോധത്തില്‍നിന്ന് കെടിയും ഊര്‍ജം സംഭരിച്ചിരിക്കും.

ചെറുകഥ, നോവല്‍, തിരക്കഥ എന്നിങ്ങനെ വ്യത്യസ്ത സാഹിത്യമേഖലകളില്‍ വ്യാപരിച്ചിട്ടും നാടകത്തിന്റെ ആഴക്കടലില്‍ തന്നെ നങ്കൂരമിട്ടതിന് ഇതാവാം കാരണം.' ജീവിതം നാടക'മാണെന്ന കവി വാക്യത്തെ തിരിച്ചിടുമ്പോഴും നാടകം ജീവിതത്തിന്റെ യാഥാര്‍ത്ഥ ചിത്രമല്ല. കലാപരമായ പുനരാവിഷ്‌ക്കരണമോ വ്യാഖ്യാനമോ ആവണമെന്ന് കെ ടിക്ക് നിര്‍ബന്ധമു ണ്ടായിരുന്നു. നാല്‍പതിലേറെ നാടകങ്ങളിലൂടെ കെ ടി സാക്ഷ്യപ്പെടുത്തിയ സത്യവും മറ്റൊന്നല്ല. കഥയെഴുത്തിന്റെ പേരില്‍ കുടുംബത്തില്‍ നിന്നു തന്നെ ആദ്യ ആക്രമണശ്രമം നേരിട്ട് കെ ടി. തന്റെ സാഹിത്യ ജീവിതം വിപുലപ്പെടു ത്തിയതിനോടൊപ്പം ശത്രുപക്ഷവും വിപുലമാക്കി. വ്യക്തികളില്‍നിന്ന് സമുദായത്തിലേക്കും അവിടെനിന്ന് വര്‍ഗങ്ങളിലേക്കും അത് വളര്‍ ന്നുകൊണ്ടിരുന്നു. അപ്പോഴും അചഞ്ചലനായി സ്വന്തം നിലപാടുകളില്‍ നിലയുറപ്പിച്ച് കലയുടെ വഴികളില്‍ കരുത്തിന്റെയും കരളുറപ്പിന്റെ യും നിത്യമാതൃകയായി കെ ടി നില കൊണ്ടു.

കെ ടി മുഹമ്മദ്

 

ഓരോ നാടകവും ചിന്തയുടെ വന്‍ ചുഴലി സൃഷ്ടിക്കണമെന്ന പക്ഷക്കാരനായിരുന്നു കെ ടി. മുസ്ലിം സമുദായത്തിനകത്ത് വന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലൂടെയാണ് കെ ടിയിലെ കലാപകാരി ആദ്യമായി ആഞ്ഞടിച്ചത്. 1952ല്‍ രചിച്ച 'ഇതു ഭൂമിയാണ് ' കോഴിക്കോട്ടെ ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബാണ് ആദ്യം രംഗത്ത് അവതരിപ്പിക്കുന്നത്. മുസ്ലിം സമുദായത്തിനകത്തെ അനാചാരങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച നാടകത്തിനെതിരെ സമുദായ സംരക്ഷകര്‍ വാളുയര്‍ത്തി. മുസ്ലിം യാഥാസ്ഥികരുടെ വധഭീഷണികളില്‍ കലുഷിതമായ ആ കാലത്തും വിട്ടുവീഴ്ചയില്ലാത്ത മനസ്സുമായി കെ ടി മുന്നേറുകയായിരുന്നു. പല സ്ഥലങ്ങളിലും പൊലീസ് സംരക്ഷണയിലാണ് നാടകം കളിച്ചത്. നാടക വിലക്കും ബഹിഷ്‌കരണവും മറ്റുമായി വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോഴും തന്റെ  ജന്മദൗത്യമെന്നോണം പുതിയ നാടകങ്ങളുമായി വീണ്ടും രംഗത്തെത്തുകയായിരുന്നു കെ ടി.

'ഇതു ഭൂമിയാണ്' കേരളമാകെ ഇളക്കിയെങ്കില്‍ കെ ടിയിലെ നാടകകൃത്തിനെ സഹൃദയലോകം തിരിച്ചറിയുകയും കരുത്തു പകരുകയും ചെയ്ത നാടകമാണ് 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്'. 1951ല്‍ കോഴിക്കോട്  ടൗണ്‍ഹാളില്‍ ഈ നാടകമവതരിപ്പിച്ചപ്പോള്‍ ലഭിച്ച അഭൂതപൂര്‍വമായ ജനപിന്തുണയെക്കുറിച്ചും  പ്രശസ്ത  നിരൂപകന്‍  കുട്ടികൃഷ്ണമാരാരുടെ പ്രശംസയെക്കുറിച്ചും  കെ ടി പലപ്പോഴും  അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. തൊഴിലാളി നേതാവായ  സുകുമാരന്‍ കാമുകി ലീലയെ  ആലിംഗനം  ചെയ്യുന്നതോടെയാണ്  'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' എന്ന നാടകത്തിന് തിരശ്ശീല വീഴുന്നത്. സ്ത്രീയും  പുരുഷനും പരസ്യമായി ആലിംഗനം ചെയ്യുന്നത്  നാടകത്തിലായാല്‍പോലും  അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന കാലത്താണ് നിഷേധിയുടെ ചങ്കുറപ്പോടെ കെ ടി ഈ രംഗം അവതരിപ്പിച്ച്  പ്രശംസ നേടിയത്. നാടകരംഗത്തെ അമേച്വര്‍-പ്രൊഫഷണല്‍  ചേരിതിരിവുകളില്‍  ഭാഗഭാക്കാവാതെ നാടകത്തിന്റെ  ആത്മാവിനെ  ദീപ്തമാക്കാന്‍  കെ ടി ശ്രമിച്ചിരുന്നു. 'പ്രൊഫഷണലിസ'ത്തിന്റെ അമിത പ്രയോഗത്തില്‍ വാചനകസര്‍ത്തു  മാത്രമായി മാറുന്ന നാടകങ്ങളെ തള്ളിപ്പറഞ്ഞ കെ ടിയുടെ  'കടല്‍പ്പാലം' പ്രൊഫഷണല്‍ നാടകമേഖലക്ക് കെ ടിയുടെ മാതൃകയാണ്.

 കോഴിക്കോട്ടെ സംഗമം തിയേറ്റേഴ്‌സ്, കലിംഗ തിയേറ്റേഴ്‌സ്  എന്നീ നാടകങ്ങളിലൂടെയെല്ലാം  ജീവിതത്തിന്റെ ചൂടും  ചൂരുമുള്ള  നാടകങ്ങളുടെ പ്രചരണമായിരുന്നു  കെ ടി നടത്തിയത്. നാടകലോകത്തിന്റെ ഉയരങ്ങള്‍   താണ്ടുന്നതിനിടയില്‍ കണിശമായ രാഷ്ട്രീയ നിലപാടുകളും  തൊഴിലാളിവര്‍ഗ പക്ഷപാതിത്വവും  കെ ടിയില്‍ വേരുപിടിച്ചിരുന്നു.  പിതാവിന്റെ മാറുന്ന ജോലി സ്ഥലങ്ങളിലൂടെ മാറാത്ത ദാരിദ്ര്യവുമായി കെ ടി പിന്നിട്ട ബാല്യകൗമാരങ്ങള്‍ മോചനത്തിന്റെ  യഥാര്‍ത്ഥ മാര്‍ഗമന്വേഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. തൊഴിലാളികളുടെ അവകാശ സമരത്തില്‍ പങ്കെടുക്കുന്നതിനെതുടര്‍ന്ന് തപാല്‍ വകുപ്പില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ശേഷവും കെ ടി തന്റെ സമരം തുടരുകയായിരുന്നു.  പീഡിതന്റെ മോചനത്തിനും പുതിയ ലോകത്തിന്റെ സൃഷ്ടിക്കുമായി അരങ്ങിന്റെ  അനന്യ ശക്തിയോടെ അവിശ്രമമായ  ആ കലാ(പ)ചരിത്രം  നമ്മെ എന്നും പ്രകോപിപ്പിച്ചുകൊണ്ടിരിക്കും.

 

 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home